Najeemudinഓര്‍മ്മയിലിപ്പോഴുമുണ്ട് പാല്‍വെളിച്ചത്തില്‍ ഇളകിമറിയുന്ന മഹാരാജാസ് കോളേജ് സ്റ്റേഡിയം ഗാലറികളുടെ മങ്ങിയ ചിത്രം. കാതില്‍ അവസാന വിസിലിന്റെ മനംമയക്കുന്ന ഈണവും.

മൂന്നരപതിറ്റാണ്ടുമുമ്പ്, കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി മാറോടണച്ച സന്ധ്യ. നജീമുദ്ദീന് അന്ന് പ്രായം 21. ആവേശം അണപൊട്ടിയൊഴുകിയ ഫൈനലില്‍ ക്യാപ്ടന്‍ മണിയുടെ മിന്നുന്ന ഹാട്രിക്കോടെ റെയില്‍വേസിന്റെ കഥകഴിച്ച കേരള ടീമിലെ 'ബേബി'യായിരുന്നു നജീം; ഗാലറികളുടെ ഹരം. ഇടനെഞ്ചില്‍ തിളച്ചുമറിയുന്ന പോരാട്ടവീര്യവും ബൂട്ടുകളില്‍ അണയാത്ത അഗ്‌നിയുമായി കൊല്ലം തേവള്ളി സ്വദേശി നജിമുദ്ദീന്‍ കളിക്കമ്പക്കാരുടെ ഹൃദയങ്ങളിലേക്ക് ഡ്രിബിള്‍ ചെയ്തു കുതിച്ചുകയറിവരുന്നത് ആ ടൂര്‍ണമെന്റില്‍ നിന്നാണ്. അതും എന്തൊരു വരവ്!

കേരളം സൃഷ്ടിച്ച എക്കാലത്തേയും ഏറ്റവും മികച്ച അറ്റാക്കര്‍മാരിലൊരാളായ നജിമുദ്ദീന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ വര്‍ണപ്പകിട്ടാര്‍ന്ന ഒരാധ്യായത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് കേരള ഫുട്‌ബോളില്‍ നജിമുദ്ദീന്റെ കാലമായിരുന്നു; പ്രതിരോധത്തിലെ പത്മവ്യൂഹങ്ങള്‍ക്കുമേല്‍ ചാടിയുയര്‍ന്ന്, വിംഗുകളില്‍ നിന്നുള്ള ക്രോസുകളില്‍ കൃത്യതയോടെ തലവയ്ക്കുന്ന നജീമുദ്ദീന്‍; ജിംനാസ്റ്റിന്റെ മെയ്‌വഴക്കത്തോടെ എതിര്‍ സ്റ്റോപ്പര്‍മാര്‍ക്കിടയിലൂടെ പെനാല്‍ട്ടി ഏരിയയിലേക്ക് നുഴഞ്ഞുകയറുന്ന നജിമുദ്ദീന്‍; പാസുകള്‍ നെഞ്ചിലേറ്റുവാങ്ങി കാല്‍മുട്ടിലേക്ക് മറിച്ച്, പന്ത് നിലംതൊടുംമുമ്പ് ഞൊടിയിടയില്‍ വലയിലേക്ക് തൊടുക്കുന്ന നജിമുദ്ദീന്‍... എന്റെ തലമുറയിലെ കളിക്കമ്പക്കാരുടെ മനസ്സില്‍ മിഴിവാര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍.

രണ്ടാഴ്ച മുമ്പ് നജിമുദ്ദീന്റെ ജീവിതത്തിലെ മറ്റൊരധ്യായത്തിനു കൂടി തിരശ്ശീല വീണു - 36 വര്‍ഷത്തെ സേവനത്തിനുശേഷം അദ്ദേഹം ടൈറ്റാനിയത്തിന്റെ പടിയിറങ്ങി, അധികമാരുമറിയാതെ. സ്റ്റോഴ്‌സ് അസിസ്റ്റന്റായി 1973 ല്‍ ജോലിയില്‍ ചേര്‍ന്ന നജീം വിരമിക്കുമ്പോള്‍ അസിസ്റ്റന്റ് മാനേജരായിരുന്നു.

നജിമുദ്ദീന്റെ സ്‌കോറിങ് വൈഭവത്തിന്റെ പിന്‍ബലത്തില്‍ കേരളത്തിലുടനീളമുള്ള അഖിലേന്ത്യാ ടൂര്‍ണമെന്റുകളില്‍ ടൈറ്റാനിയം അശ്വമേധം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. തിരുവനന്തപുരം ജി.വി. രാജാ ട്രോഫി, കൊല്ലം മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി ട്രോഫി, കോട്ടയം മാമ്മന്‍ മാപ്പിള, തൃശൂര്‍ ചാക്കോള, കണ്ണൂര്‍ ശ്രീനാരായണ ട്രോഫി... ''അക്കാലത്ത് കോഴിക്കോട്ടെ നാഗ്ജി ടൂര്‍ണമെന്റ് മാത്രമേ ഞങ്ങള്‍ക്ക് പിടിതരാതിരുന്നിട്ടുള്ളൂ. അവിടെ ഫൈനലില്‍ തോറ്റു'' - ഒരു നിമിഷം നിര്‍ത്തിയശേഷം നജിമുദ്ദീന്‍ കൂട്ടിച്ചേര്‍ക്കുന്നു - വേദനയോടെ. ''അതൊരു കാലം. ഇന്ന് ആ ടൂര്‍ണമെന്റുകള്‍ പോലും ഇല്ലാതായിരിക്കുന്നു. എന്നെങ്കിലും തിരിച്ചുവരുമോ നമ്മുടെ ഫുട്‌ബോളിന്റെ നല്ല കാലം?''

ഓര്‍മയിലെ നജിമുദ്ദീന് ഇന്നും 23 വയസ്സാണു പ്രായം. 1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍, പരിചയസമ്പന്നനായ ഗോവന്‍ ഗോള്‍കീപ്പര്‍ ബ്രഹ്മാനന്ദിന്റെ തലയ്ക്കു മുകളിലൂടെ ചാടിയുയര്‍ന്ന് പന്ത് വലയിലേക്ക് ഹെഡ് ചെയ്യുന്ന നജിമുദ്ദീന്‍. 'അംബരചുംബി'കളായ പ്രതിരോധ ഭടന്മാര്‍ക്കിടയിലൂടെ ഒതുക്കമുള്ള ഒരു മോറിസ് മൈനര്‍ പോലെ നജീം ഒഴുകി നീങ്ങുന്നതു കാണാന്‍പോലുമുണ്ടായിരുന്നു ഒരു ചന്തം. വെറുതെയല്ല കോഴിക്കോട് നാഷണല്‍സിലെ മികച്ച കളിക്കാരനായി ഗാലപ് പോളിലൂടെ കാണികള്‍ നജീമിനെ തിരഞ്ഞെടുത്തത്.

അടിച്ച ഗോളുകളില്‍ ഏറ്റവും അവിശ്വസനീയമായി സ്വയം തോന്നിയത് ഏതായിരുന്നു? ''പലതും അവിശ്വസനീയമായിരുന്നു. നാഗ്ജിയില്‍ ട്രാന്‍സ്‌പോര്‍ട്ടിനെതിരെ നേടിയ ഗോള്‍ മറക്കാനാവില്ല. ഡയനീഷ്യസിന്റെ ഉയര്‍ന്നുവന്ന ക്രോസ് തലകൊണ്ട് കണക്ട് ചെയ്യാന്‍ ഓടിവരുകയായിരുന്നു ഞാന്‍. പക്ഷേ കണക്കുകൂട്ടല്‍ തെല്ലുപിഴച്ചു. ഓട്ടം പന്തിനേക്കാള്‍ ഒരടി മുന്നിലാണ് അവസാനിച്ചത്. ഗോള്‍ലൈനിനു തൊട്ടുമുന്നില്‍ വച്ച് ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു ഞാന്‍. നിന്ന നില്പില്‍ പിന്നിലേക്കാഞ്ഞുകൊണ്ട് ശക്തമായി പന്ത് ഹെഡ് ചെയ്തു. ആ ആംഗിളില്‍ നിന്ന് ഗോളടിക്കാനാവൂവെന്നു പ്രതിക്ഷയില്ലായിരുന്നു...''

പക്ഷേ, അതു ഗോളായി. ഇരമ്പുന്ന സ്റ്റേഡിയം സാക്ഷി. പിന്നേയും എത്രയെത്ര ഗോളുകള്‍.

സ്‌കൂള്‍ ജീവിതകാലത്തു തുടങ്ങിയ കളിക്കമ്പം തലയ്ക്കു പിടിക്കുന്നത് കൊല്ലം എസ്.എന്‍. കോളേജില്‍ പഠിക്കുന്ന കാലത്താണ്. 1972 ല്‍ ആദ്യമായി കേരളത്തിനുവേണ്ടി ജൂനിയര്‍ നാഷണല്‍ കളിച്ചു. അടുത്തവര്‍ഷം സന്തോഷ് ട്രോഫി ടീമില്‍, കൊല്ലം ലീഡേഴ്‌സും ലക്കിസ്റ്റാറുമാണ് നജീമിലെ കളിക്കാരനെ മിനുക്കിയെടുത്തത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഇന്‍സൈഡ് ഫോര്‍വേഡായിരുന്ന നജീമുദ്ദീനെ റൈറ്റ് ഔട്ട് ആക്കുന്നത് കോച്ച് സൈമണ്‍ സുന്ദര്‍രാജാണ് - കേരളത്തില്‍ നടാടെ സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകന്‍. 73 മുതല്‍ 80 വരെ തുടര്‍ച്ചയായി സന്തോഷ് ട്രോഫി കളിച്ച നജീം, പിന്നീട് ഒരു വ്യാഴവട്ടം കൂടി ടൈറ്റാനിയത്തിന്റെ ജേഴ്‌സിയണിഞ്ഞു. കളി നിര്‍ത്തിയശേഷം ക്ലബ്ബിന്റെ കോച്ചും മാനേജരുമായി.

ഒപ്പം കളിച്ചുനടന്നവര്‍ പലരും കൊല്‍ക്കത്തയിലും മുംബൈയിലും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയപ്പോള്‍, എന്തുകൊണ്ട് നാട്ടില്‍തന്നെ തങ്ങാന്‍ തീരുമാനിച്ചു എന്ന ചോദ്യത്തിന് മനോഹരമായ ഒരു പുഞ്ചിരിയാണു മറുപടി. ''ഓഫറുകള്‍ കുറവല്ലായിരുന്നു. ആദ്യം മഫത്‌ലാലും പിന്നെ ടാറ്റാസും വിളിച്ചു. അതുകഴിഞ്ഞ് കൊല്‍ക്കത്താ ക്ലബ്ബുകളും. പക്ഷേ നാടുവിടാന്‍ തോന്നിയില്ല. ടൈറ്റാനിയത്തിലെ കുടുംബാന്തരീക്ഷം ഒരു കാരണമായിരിക്കാം. പിന്നെ, വലിയ മോഹങ്ങള്‍ ഇല്ലായിരുന്നു...''

കളിക്കളത്തില്‍ 'ഗോഡ്ഫാദര്‍മാര്‍' ഇല്ലാത്തതിനാലാവാം, പ്രതിഭയില്‍ തന്റെ നിഴല്‍ പോലുമല്ലാത്തവര്‍ ഇന്ത്യന്‍ ടീമിലേക്ക് കൈയുംവീശി നടന്നുചെല്ലുന്നത് നിസ്സഹായനായി നജീമുദ്ദീന് കണ്ടുനില്‍ക്കേണ്ടിവന്നത്. പക്ഷേ പരിഭവമൊന്നുമില്ല ഈ 58 കാരന്. ദുഃഖം കേരള ഫുട്‌ബോളിന്റെ ഇന്നത്തെ ദുരവസ്ഥയോര്‍ത്താണ്. സന്തോഷ് ട്രോഫിയില്‍ എന്നും ഏതു കൊലകൊമ്പന്‍ ടീമിനും ഭീഷണിയുയര്‍ത്തിപ്പോന്നിരുന്ന കേരളം, യോഗ്യതാറൗണ്ട് കടന്നുപറ്റാന്‍ വിയര്‍പ്പൊഴുക്കേണ്ട ഗതികേടിലാണിപ്പോള്‍. 'പരിചയസമ്പന്നരെ മുഴുവന്‍ ഒഴിച്ചുനിര്‍ത്തി പുതുതാരങ്ങളെ മാത്രം പരീക്ഷിച്ചതാണ് കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിനു വിനയായത്. ഇനിയെന്നാണാവോ നാം പിഴവുകളില്‍ നിന്ന് പാഠം പഠിക്കുക...'

റിട്ടയര്‍മെന്റ് ജീവിതം വിശ്രമത്തിന് നീക്കിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല, കേരളത്തിന്റെ പഴയ പടക്കുതിര. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സഹായത്തോടെ കെ.എഫ്.എ.യും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഗ്രാസ്‌റൂട്ട് ലെവല്‍ പരിശീലന പദ്ധതിയുടെ ഭാഗമായി എസ്.എം.വി. സ്‌കൂളിലെ കുരുന്നുപ്രതിഭകളെ പരിശീലിപ്പിക്കുന്ന തിരക്കിലാണദ്ദേഹം. 'എന്നെ ഞാനാക്കിയ കളിക്ക് തിരിച്ചെന്തെങ്കിലും നല്കാതിരിക്കുന്നത് തെറ്റല്ലേ? ഫുട്‌ബോളിനെ ഒഴിച്ചുനിര്‍ത്തി എനിക്കൊരു ജീവിതമില്ല.' - ഹൃദയത്തില്‍ നിന്ന് ഒഴുകിവരുന്ന വാക്കുകള്‍.

From the archive. First published on footballkerala.com on Saturday 25 July 2009, restored from the site's 2012 database. Text as originally published.