dsc_1279.jpgതുമ്പച്ചി മലയ്ക്കുള്ളില്‍ ഒരു ദിവസം ജനറേറ്ററുകളുടെ മുഴക്കം കേട്ടില്ലെങ്കില്‍ അന്നു കേരളം ഇരുട്ടിലാവും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സിരാകേന്ദ്രമായ മൂലമറ്റം പവര്‍ഹൗസിനെ 'ഗര്‍ഭത്തിലൊളിപ്പിച്ച' മലയുടെ മടിത്തട്ടില്‍ പിറന്നു വീണതു കൊണ്ടാവാം എന്‍.പി.പ്രദീപിന്റെ കാലുകളില്‍ അനിതര സാധാരണമായൊരു വൈദ്യുതി പ്രസരണമുള്ളത്. കേരളാ ഫുട്‌ബോളിന്റെ പവര്‍ഹൗസ് എന്ന വിശേഷണവും.

ദേശീയ ഐ-ലീഗില്‍ മഹീന്ദ്രാ യുണൈറ്റഡിനെതിരെ പന്തു തട്ടിയ ടീമുകളെല്ലാം അനുഭവിച്ചറിഞ്ഞതാണ് ഈ ഇലക്ട്രിക്ക് ഷോക്ക്. കഴിഞ്ഞ നെഹ്രു കപ്പിന്റെ ഫൈനലില്‍ സിറിയയ്ക്കും കിട്ടി ഇതേ ഷോക്ക്ട്രീറ്റ്‌മെന്റ്. ഐ.എം.വിജയനു ശേഷം ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവുമധികം ചലനങ്ങള്‍ സൃഷ്ടിക്കുന്ന മലയാളിക്ക്, കേരളാ ടീമിന്റെ ക്യാപ്റ്റന്‍ പദവി അര്‍ഹിക്കുന്ന അംഗീകാരമാണ്.

കാരിരുമ്പിന്റെ കരുത്തുള്ള മനസ്സാണ് കായികതാരത്തിന്റെ അടിസ്ഥാന യോഗ്യതയെങ്കില്‍ അതിന്റെ അവസാനവാക്കാണു പ്രദീപ്. മൂലമറ്റം നടുപ്പറമ്പില്‍ പാപ്പച്ചന്‍ - സാവിത്രി ദമ്പതിമാരുടെ മകന്‍ പെരുമാറ്റം കൊണ്ടു സൗമ്യനാണെങ്കിലും കളിക്കളത്തിലൊരു പവര്‍ഹൗസാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ വിദേശ കോച്ച് ബോബ് ഹൂട്ടണ്‍ കണ്ണടച്ചു വിശ്വസിക്കുന്നതും ഈ കരുത്തിലാണ്.

2004-05 മുതല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ അനിവാര്യതയാണ് എന്‍.പി.പ്രദീപ്. തിരുവനന്തപുരം എസ്.ബി.ടി. ക്കു വേണ്ടി കേരള അണ്ടര്‍-21 ടീമില്‍ നിന്ന് ബാങ്ക് ടീമിന്റെ മുന്‍ കോച്ച് നജീബ് കണ്ടെടുത്ത താരം. അതിനും മുന്‍പ് മൂലമറ്റം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു തൊടുപുഴ യൂണിറ്റി സോക്കറിന്റെ ജേഴ്‌സി നല്‍കി കോച്ച് സലിംകുട്ടി കൂട്ടിക്കൊണ്ടു വന്ന പ്രതിഭാശാലി.

ഒരിക്കല്‍ എസ്.ബി.ടി.യില്‍ എത്തിയതിനു ശേഷം പടവുകള്‍ ഓരോന്നായി ഓടിക്കയറുകയായിരുന്നു ഈ മൂലമറ്റത്തുകാരന്‍. ശരിയായ സമയത്തു തന്നെ ദേശീയ ടീമിലേക്കുള്ള വിളി വന്നു. വൈകാതെ മുംബൈ മഹീന്ദ്രാ യുണൈറ്റഡിലേക്കുള്ള ചേക്കേറലും. ഇന്ത്യന്‍ ടീമിനു വേണ്ടി ഇതിനകം 15ലേറെ അന്താരാഷ്ട്ര ഗോളുകളും നേടിക്കഴിഞ്ഞു പ്രദീപ്.

2004 ലെ ന്യൂഡല്‍ഹി സന്തോഷ് ട്രോഫിയിലായിരുന്നു കേരളത്തിനു വേണ്ടി പ്രദീപിന്റെ അരങ്ങേറ്റം. പിന്നീട് 2005 ല്‍ കൊച്ചിയിലും 2006 ല്‍ ഗുഡ്ഗാവിലും കേരളത്തിനു കളിച്ചു. കഴിഞ്ഞ വര്‍ഷം കശ്മീരില്‍ കളിക്കാന്‍ കേരളം വിളിച്ചില്ല. പ്രദീപ് വന്നില്ല. കശ്മീരില്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതിന്റെ സങ്കടം തീര്‍ക്കാന്‍ ഇക്കുറി വീണ്ടും കെ.എഫ്.എ. യുടെ വിളി വന്നു.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ 25 കാരന്റെ വിവാഹം. കണ്ണൂര്‍ സ്വദേശിനി ബ്യൂലയെയാണ് പ്രദീപ് മിന്നുകെട്ടിയത്. മധുവിധുവിന്റെ മധുരം തീരും മുന്‍പ് ദേശീയ ലീഗ് മത്സരങ്ങള്‍, തുടര്‍ന്ന് കേരള ക്യാമ്പ്... ക്യാപ്റ്റന്‍സി, നവവധുവിന് നായകന്റെ സ്നേഹസമ്മാനമായി സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക് കൊണ്ടു വരാന്‍ പ്രദീപിനു കഴിയുമോയെന്നായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ഫുട്‌ബോള്‍ പ്രേമികളുടെ ചോദ്യം.

ഡി.ഷൈജുമോന്‍
Source : mathrubhumi sports

From the archive. First published on footballkerala.com on Monday 8 June 2009, restored from the site's 2012 database. Text as originally published.