യങ് ചാലഞ്ചേഴ്സിനു വേണ്ടി ബൂട്ടണിയുക... ഒരുകാലത്ത് കോഴിക്കോട്ടുകാരായ ഫുട്ബോള്‍ താരങ്ങളുടെ ഏറ്റവുംവലിയ സ്വപ്നമായിരുന്നു അതെന്ന് ക്ലബ്ബിന്റെ പ്രസിഡന്റും സന്തോഷ്ട്രോഫി കോഴിക്കോട്ടു നിന്ന് ആദ്യമായി കളിച്ച താരവുമായ പി. നൂര്‍മുഹമ്മദ് ഓര്‍മിക്കുന്നു.
കളിക്കാരനെന്ന് അംഗീകരിക്കപ്പെടാന്‍ ചാലഞ്ചേഴ്സിന്റെ ജേഴ്സി അനിവാര്യമായിരുന്ന കാലം. കോഴിക്കോടന്‍ ഫുട്ബോളിന്റെ സുവര്‍ണകാലം, ചാലഞ്ചേഴ്സിന്റെയും സുവര്‍ണകാലമായിരുന്നു. ജഡ്ക്കക്കാരന്‍ കുട്ടന് തുടക്കമിട്ട ടീമിന്റെ പെരുമ ജില്ലയും സംസ്ഥാനവും വിട്ട് കൊല്ക്കത്തയില്പ്പോലും നിറഞ്ഞുനിന്നു. ജില്ല, സംസ്ഥാന, അന്താരാഷ്ട്ര താരങ്ങളുടെ നീണ്ടനിരതന്നെ ഈ കൊച്ചുക്ലബ്ബ് സൃഷ്ടിച്ചു.
പഴയ ഓര്‍മകളൊന്നും ക്ലബ്ബിന് പക്ഷേ, ഇന്ന് തുണയാവുന്നില്ല. ടീമില്‍ കളിക്കാരെ ഒപ്പിക്കാന്‍ പാടുപെടുകയാണ് ക്ലബ് അധികൃതര്‍. നല്ല പ്രതിഫലം നല്കിയെങ്കില് മാത്രമേ മികച്ച താരങ്ങളെ കിട്ടൂ. പരമാവധി രണ്ടുലക്ഷം രൂപയാണ് ക്ലബ്ബിന്റെ വാര്‍ഷിക ബജറ്റ്. അതുകൊണ്ടുതന്നെ കളിക്കാര്‍ക്കുവേണ്ടി വന്‍തുക മുടക്കാന്‍ കഴിയില്ല. ക്ലബ് അംഗങ്ങളും അഭ്യുദയകാംക്ഷികളും നല്കുന്ന സംഭാവനകൊണ്ട് കഷ്ടിച്ച് മുന്നോട്ട് പോവുകയാണ് കോഴിക്കോടന്‍ ഫുട്ബോളിന്റെ പര്യായമായ ചാലഞ്ചേഴ്സ്. പരിശീലനത്തിന് സൗകര്യമില്ലാത്തതാണ് ക്ലബ്ബിനെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. നഗരത്തില്‍ മാനാഞ്ചിറ ഉള്‍പ്പെടെ മുമ്പുണ്ടായിരുന്ന കളിക്കളങ്ങള്‍ ഒന്നൊന്നായി നഷ്ടമായി. കോര്പ്പറേഷന് സ്റ്റേഡിയത്തിലും കളിക്കാന്‍ അനുവാദമില്ല. കളിക്കാനിടം തേടി മെഡിക്കല്‍ കോളേജ് മൈതാനത്തേക്കും കിണാശ്ശേരിയിലേക്കും മാങ്കാവിലേക്കുമെല്ലാം പോയി അലയുകയാണ് ചാലഞ്ചേഴ്സ് കളിക്കാരിപ്പോള്.
ഗാന്ധിയനും കായികപ്രേമിയുമായിരുന്ന റിക്ഷക്കാരന് കുട്ടന്, ബ്രിട്ടീഷ് കോയ്മയ്ക്കെതിരെയാണ് 1921 ല്‍ ഹോക്കി ടീം തുടങ്ങിയത്. 'കുട്ടന്‍സ് ടീം' എന്നായിരുന്നു ടീം അറിയപ്പെട്ടത്. അടുത്ത വര്‍ഷം 'ചാലഞ്ചേഴ്സ്' എന്നപേരില്‍ ഫുട്ബോള്‍ ടീമിനും കുട്ടന് രൂപം നല്കി. മാനാഞ്ചിറ മൈതാനത്തും വെസ്റ്റ്ഹില്‍ ബാരക്സ് മൈതാനത്തും ബ്രിട്ടീഷ് സൈനിക ടീമുകള്‍ക്കെതിരെ നേടിയ വീര വിജയങ്ങള്‍ ടീമിന്റെ പെരുമ നാടെങ്ങും പരത്തി.
ടീം വളര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് നയിക്കാന്‍ കുട്ടന് ബുദ്ധിമുട്ടി. കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ നടത്തിപ്പുകാരനും കരാറുകാരനുമായിരുന്ന നാക്കിടി കരുണാകരന് ചാലഞ്ചേഴ്സിന്റെ നടത്തിപ്പ് ഏറ്റെടുത്തത് അങ്ങനെയാണ്. കരുണാകരന്റെ മരണശേഷം നാക്കിടി ഭാസ്കരന്റെ ചുമതലയിലായി ക്ലബ്. പിന്നീട് ഭാസ്കരനുമായുള്ള അഭിപ്രായവ്യത്യാസം കാരണം കളിക്കാരില്‍ ചിലര്‍ ചേര്‍ന്ന് പുതിയ ടീമുണ്ടാക്കി. 1937-ല്‍ കോട്ടായി അച്യുതന്റെ നേതൃത്വത്തില്‍ യങ്ചാലഞ്ചേഴ്സ് നിലവില്‍വന്നു.
തമിഴ്നാട് ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ ജയങ്ങള്‍ സ്വന്തമാക്കി ടീം മുന്നോട്ട് കുതിച്ചു. 1940 ല്‍ മൈസൂരില്‍ ദസറ കപ്പ് നേടി ചാലഞ്ചേഴ്സ് ചരിത്രം സൃഷ്ടിച്ചു. ബാംഗ്ലൂരിലും മികച്ച ജയങ്ങള്‍ നേടാന്‍ ക്ലബ്ബിനായി. 52 ല്‍ എറണാകുളത്ത് ശ്രീരാമവര്‍മ അഖിലേന്ത്യാ ടൂര്‍ണമെന്റും ചാലഞ്ചേഴ്സ് സ്വന്തമാക്കി. കോഴിക്കോട്ടെ ഫുട്ബോള്‍ ജ്വരത്തെ പാരമ്യത്തിലെത്തിച്ച സേഠ് നാഗ്ജി ടൂര്‍ണമെന്റിന് തുടക്കംകുറിച്ചതും ചാലഞ്ചേഴ്സാണ്. 1951-52 സീസണിലായിരുന്നു ആദ്യ ടൂര്‍ണമെന്റ്. 52-ല്‍ 'യങ്ജംസ്' എന്ന സഹോദര ടീമിനും ചാലഞ്ചേഴ്സ് ജന്മം നല്കി.
ചാലഞ്ചേഴ്സിന്റെ ആദ്യകാല നിര ഇന്ത്യയിലെ ഏത് ടീമിനോടും കിടപിടിക്കുന്നതായിരുന്നെന്ന് നൂര്‍മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. കോട്ടായി സഹദേവന് (ഗോളി), തമ്പുരാന്‍കണ്ടി ഗോപി (റൈറ്റ് ബാക്ക്), കേശവന് നായര്‍ (ലെഫ്റ്റ് ബാക്ക്), പേരത്തറ രാഘവന് (റൈറ്റ് ഹാഫ്), കോട്ടായി അച്യുതന് (റൈറ്റ് ഹാഫ് ബാക്ക്), കുഞ്ഞിക്കണ്ണന് നായര്‍ (ലെഫ്റ്റ് ഹാഫ്ബാക്ക്), ചൈന ഭരതന് (റൈറ്റ് എക്സ്ട്രീം), ജോര്‍ജ് അബിയ (റൈറ്റ് ഇന്‍സൈഡ്), വെസ്റ്റ്ഹില്‍ അച്ചു (സെന്റര്‍ ഫോര്‍വേഡ്), കോട്ടായി നാരായണന് (ലെഫ്റ്റ് ഇന്‍സൈഡ്), എസ്.ബി. ലേബന്‍ (ലെഫ്റ്റ് എക്സ്ട്രീം) എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു 30 കളിലെ ടീം.
ഇന്ത്യന്‍ താരങ്ങളായ സുധീര്‍, പ്രസന്നന്, സേതുമാധവന്, നടരാജ്, പ്രേംനാഥ്, ഫിലിപ്പ്, ജിജുജേക്കബ്, സംസ്ഥാന താരങ്ങളായ നൂര്‍മുഹമ്മദ്, സി.ഉമ്മര്‍, രാജേന്ദ്രന്, പി.പി.ഷഫീഖ്, സി.പി.എം. ഉസ്മാന്‍കോയ, രാമചന്ദ്രന്, ദിനേഷ്പട്ടേല്, ആര്.വി. ഉസ്മാന്‍കോയ, കേശവന്നായര്, ബാലഗോപാലന്, ജനാര്ദനന്, അരയാന്‍തോപ്പില്‍ രവീന്ദ്രനാഥ് തുടങ്ങിയവര്‍ ക്ലബ്ബിന്റെ അഭിമാനമാണ്.കൊല്‍ക്കത്തയില്‍ മോഹന്ബഗാന്-ഈസ്റ്റ്ബംഗാള്‍ പോരാട്ടങ്ങള്പോലെയായിരുന്നു ഒരു കാലത്ത് കോഴിക്കോട്ട് ചാലഞ്ചേഴ്സും ഒളിമ്പ്യന്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സല്‍ ടീമും തമ്മില്‍ നടന്ന കളികള്‍. ഒളിമ്പ്യനും ഈസ്റ്റ്ബംഗാള്‍ താരവുമായിരുന്ന ബാംഗ്ലൂര്‍ അഹമ്മദ്ഖാനെപ്പോലുള്ള പ്രമുഖരെ ചാലഞ്ചേഴ്സിനെ തോല്പിക്കാന് യൂണിവേഴ്സല്‍ അണിനിരത്തി. പക്ഷേ, ജയം എപ്പോഴും ചാലഞ്ചേഴ്സിനൊപ്പം നിന്നു. യൂണിവേഴ്സല്‍ കൊണ്ടുവന്ന മലപ്പുറം ഡിക്രൂസ് പിന്നീട് ചാലഞ്ചേഴ്സിന്റെ വിശ്വസ്ത താരമായി.
കോഴിക്കോട് ജില്ലാ ലീഗില്‍ ഏറ്റവും തവണ കിരീടം ചൂടിയത് ചാലഞ്ചേഴ്സ്തന്നെയാണ്. 2005-ലാണ് അവസാനമായി ടീം ജേതാക്കളായത്. തുടര്‍ച്ചയായി ഏഴുതവണ കപ്പ് സ്വന്തമാക്കിയതിന്റെ റെക്കോഡും ക്ലബ്ബിന്റെ പേരിലാണ്. ഒമ്പത് കളികളില്‍ ഒറ്റ ഗോളും വഴങ്ങാതെ 45 ഗോളടിച്ച് കപ്പ് നേടിയ ചരിത്രവും ക്ലബ്ബിനാണ്. കൊല്‍ക്കത്ത മുഹമ്മദന്‍സിനെ 2004-ല്‍ എടവണ്ണയില്‍ കീഴടക്കിയതും 2007-ല്‍ ജംഷേദ്പൂരില്‍ നടന്ന അഖിലേന്ത്യാ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നതുമാണ് ക്ലബ്ബിന്റെ സമീപകാലത്തെ മികച്ച നേട്ടങ്ങള്‍.
പഴയകാല താരങ്ങള്‍ക്ക് ക്ലബ്ബിനോടുള്ള സ്നേഹവും ആദരവുമാണ് ഭാരവാഹികള്‍ക്ക് പ്രചോദനമാവുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെയും ക്ലബ്ബിന്റെയും താരമായിരുന്ന അന്തരിച്ച ദിനേഷ് പട്ടേലിന്റെ ഭാര്യയും കുടുംബങ്ങളും അടുത്തിടെ അമേരിക്കയില്‍നിന്ന് ക്ലബ് സന്ദര്‍ശിക്കാനെത്തിയിരുന്നു. പാവമണി റോഡില്‍ ക്ലബ്ബിന്റെ തുടക്കംമുതലുള്ള ഓഫീസില്‍ ഒരിക്കല്‍ക്കൂടി എത്തണമെന്നത് ദിനേഷിന്റെ വലിയ ആഗ്രഹമായിരുന്നത്രെ.
പരിമിതികള്‍ക്കിടയിലും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാന്തന്നെയാണ് ക്ലബ് ഭാരവാഹികളുടെ ശ്രമം. ഈ വര്‍ഷം സബ്ജൂനിയര് ടീം വാര്‍ത്തെടുക്കാന്‍ ക്ലബ് പദ്ധതി തയ്യാറാക്കിവരുന്നതായി സെക്രട്ടറി പി.രാജീവ്മേനോന്‍ പറഞ്ഞു. പുതിയ തലമുറയിലെ താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. എന്നാല്‍ സാമ്പത്തിക പരാധീനതയും കളിക്കളങ്ങളില്ലാത്തതും ക്ലബ്ബിന്റെ സ്വപ്നങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നുണ്ട്. പഴയകാല താരങ്ങളും ഫുട്ബോളുമായി അടുത്ത ബന്ധമുള്ളവരുമാണ് ക്ലബ് ഭാരവാഹികള്‍.
From the archive. First published on footballkerala.com on Saturday 27 June 2009, restored from the site's 2012 database. Text as originally published.