ഫുട്ബോള്‍ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്റര്‍ മാനേജര്‍ കെ.കുഞ്ഞിരാമന് (75) അന്തരിച്ചു. ഏതാനും ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 6.45 ഓടെയാണ് മരിച്ചത്.
പ്രശസ്ത ഫുട്ബോള്‍ താരം എന്‍.ടി.കരുണാകരനും കെ.കുഞ്ഞിരാമനും ചേര്‍ന്ന് 1978 ലായിരുന്നു ഫുട്ബോള്‍ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്റര്‍ ആരംഭിച്ചത്. പത്തുമുതല്‍ 12 വയസ്സുവരെയുള്ള, ഫുട്ബോളില്‍ താല്പര്യവും വാസനയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കിവരുന്ന സ്ഥാപനം കണ്ണൂരിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ അഭിമാനമാണ്. ഇന്ത്യയില്‍ത്തന്നെ അപൂര്‍വമാണ് ഇത്തരത്തിലൊരു കോച്ചിങ് സെന്റര്‍. നിരവധി പ്രതിഭാധനരായ കളിക്കാരെ സംഭാവനചെയ്യാന്‍ സ്ഥാപനത്തിന് കഴിഞ്ഞു.
സൗജന്യമായാണ് ഫുട്ബോള്‍ ഫ്രണ്ട് കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. കുഞ്ഞിരാമനും കരുണാകരനും ചേര്‍ന്ന് ഫുട്ബോള്‍ ഫ്രണ്ട് എന്ന പേരില്‍ ഒരു മാസികയും നടത്തിയിരുന്നു. സ്ഥാപനം ആരംഭിച്ചിട്ട് ഞായറാഴ്ച 11,164 ദിവസം പൂര്‍ത്തിയായി.
കക്കാട്ടെ കാനന്നൂര്‍ സ്പിന്നിങ് മില്ലിലെ തൊഴിലാളിയായിരുന്നു കുഞ്ഞിരാമന്. കണ്ണൂരിലെ സ്പിരിറ്റഡ് യൂത്ത്സ് ക്ലബ്ബ് പ്രവര്‍ത്തകനും വെറ്ററന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളുമാണ്. ഒളിംപ്യന്‍ സി.കെ.ലക്ഷ്മണന്റെ പ്രതിമ കണ്ണൂരില്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയതും കുഞ്ഞിരാമനായിരുന്നു. കായികരംഗത്തെയും സാമൂഹിക രാഷ്ട്രീയ രംഗത്തെയും നിരവധിപ്പേരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുഞ്ഞിരാമന് കണ്ണൂരിലെ നിറസാന്നിധ്യവുമായിരുന്നു. പള്ളിക്കുന്ന് തുളിച്ചേരിയിലെ വീട്ടില്‍നിന്ന് കൊണ്ടുവന്ന മൃതദേഹം ഞായറാഴ്ച വൈകിട്ട് ഫുട്ബോള്‍ ഫ്രണ്ട് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട നിരവധിപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചു. കുഞ്ഞിരാമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അനുശോചനം അറിയിച്ചു.
പരേതനായ രാമന്റെയും കല്ല്യാണിയുടെയും മകനാണ് കുഞ്ഞിരാമന്. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: അനിത, ഗീത, റീത. മരുമക്കള്‍: സദാനന്ദന് (ധനലക്ഷ്മി മില്‍സ്, കക്കാട്), രഞ്ജിത്ബാബു (മുംബൈ), സുരേന്ദ്രന് (കോയമ്പത്തൂര്‍).
From the archive. First published on footballkerala.com on Monday 29 June 2009, restored from the site's 2012 database. Text as originally published.