ഇടതു പാര്‍ശ്വത്തിലൂടെ അതിവേഗത്തില്‍ കുതിച്ചുകയറി ഗോള്‍മുഖത്ത് അപകടം വിതയ്ക്കുന്ന പന്തുകള്‍ നല്കുന്ന, കോര്‍ണര്‍ കിക്കുകള്‍ നേരിട്ട് ഗോളിലെത്തിക്കാന്‍ കഴിയുന്ന ഒരു മലയാളി താരം ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തുണ്ടായിരുന്നു.
പന്ത്രണ്ടു വര്‍ഷം ഇന്ത്യയിലെ പ്രധാന ടൂര്‍ണമെന്റുകളില്‍ നേവിക്കും സര്‍വീസസിനും വേണ്ടി അദ്ദേഹം ബൂട്ടുകെട്ടി. ഏഷ്യന്‍ ഗെയിംസിലും ക്വാഡ്രാംഗുലര്‍ കപ്പിലും ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞു. കളി മികവ് ഏറെയുണ്ടെങ്കിലും മലയാളികളുടെ 'ഫുട്‌ബോള്‍ താര'ങ്ങളുടെ ലിസ്റ്റില്‍ ഇദ്ദേഹത്തിന്റെ പേര് കാണാനിടയില്ല. എന്നാല്‍ വെള്ളയില്‍ മല്ലരുകണ്ടി വീട്ടില്‍ ജയറാമെന്ന ഫുട്‌ബോള്‍ താരത്തിന് അക്കാര്യത്തില്‍ ആരോടും പരിഭവമില്ല.
കേരള ഫുട്‌ബോള്‍ ലോകം ജയറാമിനെ ഓര്‍ക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്. ജോലിസംബന്ധമായ കാര്യങ്ങളാല്‍ തന്റെ കരിയറില്‍ ഒരിക്കല്‍പ്പോലും കേരളത്തിനുവേണ്ടി കളിക്കാന്‍ ജയറാമിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ കേരളത്തില്‍കളിച്ചുവളര്‍ന്ന താരമാണ് ജയറാം. അതിപ്രഗല്ഭരായ കളിക്കാര്‍ കളിക്കളം വാണ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്താണ് ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ജയറാം മുന്നേറ്റ നിരയില്‍ കളിച്ചതെന്നും മറന്നുകൂടാ.
വര്‍ഷങ്ങള്‍ക്കുശേഷം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിട്ടാണ് ജയറാം താന്‍ കളിച്ചുവളര്‍ന്ന നഗരത്തിലെത്തിയത്. പ്രായം അല്പം തളര്‍ത്തിയിട്ടുണ്ടെങ്കിലും കളിക്കളത്തിലെ ജീവിതം ഓര്‍ത്തെടുക്കാന്‍ അതൊന്നും തടസ്സമായില്ല. പട്ടാളച്ചിട്ടയോടെ കാലവും ദേശവും കളിയും കൃത്യമായി ഓര്‍മകളിലെത്തി.
കൊല്‍ക്കത്തയില്‍നടന്ന ഐ.എഫ്.എ. ഷീല്‍ഡ് കപ്പില്‍ സര്‍വീസസ്സിനു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ജയറാമിന് 1954ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ടീമിലേക്ക് വഴി തുറന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മേവാലാലായിരുന്നു ഇതിന് കാരണമായത്. ജയറാമിന്റെ കളിയിഷ്ടപ്പെട്ട മേവാലാലിന്റെ ശുപാര്‍ശയിലാണ് ജയറാം ടീമിലെത്തുന്നത്. ശൈലന്‍ മന്ന നയിച്ച ടീമില്‍ ജയറാമിനെ കൂടാതെ എം.അഹമ്മദ് ഖാന്‍, എസ്.കെ. മൊയ്‌നുദ്ദീന്‍ (ഹൈദരാബാദ് സിറ്റി പോലീസ്), ജെ. കിട്ടു (ബംഗാള്‍), ജോസ് ഡി.സ. (ബോംബെ), ആന്റണി ബ്രഗന്‍സ (സര്‍വീസസ്), തങ്കരാജന്‍ (മദ്രാസ്) എന്നിവരായിരുന്നു മുന്നേറ്റ നിരയില്‍.
മധ്യനിരയില്‍ ഹൈദരാബാദ് സിറ്റി പോലീസിന്റെ നൂര്‍ മുഹമ്മദ്, ചന്ദ്രന്‍ സിങ് റാവത്ത്, അമല്‍ദത്ത, ജി.ആര്‍. ഗോക്കു. പ്രതിരോധത്തില്‍ എസ്.കെ. അസീസുദ്ദീന്‍, ടി.എം. വര്‍ഗീസ്, ആന്റണി പാട്രിക്. ബാറിനു കീഴില്‍ സഞ്ജിത്ത് ഷെട്ടിയും സഞ്ജീവ് കെ. ഉച്ചിലും. മനിലയില്‍, ഇന്നത്തെ വന്‍ശക്തികളായ ജപ്പാനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് തുടങ്ങിയെങ്കിലും ഇന്‍ഡൊനീഷ്യയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റ് ടീം പുറത്തായി. 1953ല്‍ നടന്ന നാലു രാഷ്ട്രങ്ങളുടെ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിലും ജയറാം അംഗമായിരുന്നു. പാകിസ്താന്‍, ശ്രീലങ്ക (അന്നത്തെ സിലോണ്‍) ബര്‍മ ടീമുകളെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
കോര്‍ണര്‍ കിക്കുകളെടുക്കുന്നതിലുള്ള പ്രത്യേക കഴിവാണ് കളിക്കളത്തില്‍ ജയറാമിനെ ശ്രദ്ധേയനാക്കിയത്. ഇന്ത്യന്‍ ഗോളി സഞ്ജീവ് ഉച്ചിലിന്റെ പോസ്റ്റില്‍ വരെ താന്‍ കോര്‍ണര്‍കിക്ക് നേരിട്ടടിച്ച് ഗോളാക്കിയിട്ടുണ്ടെന്ന് ജയറാം പറയുന്നു. അക്കാലത്ത് ജയറാം ടീമിലുണ്ടെങ്കില്‍ കോര്‍ണര്‍ വഴങ്ങരുതെന്ന് പരിശീലകര്‍ നിര്‍ദേശം നല്കിയിരുന്നെന്നും ജയറാം ഓര്‍ക്കുന്നു. അതിപ്രഗല്ഭരായ നിരവധി പേര്‍ക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ജയറാമിന്റെ ഇഷ്ട കളിക്കാരന്‍ ബംഗാളിന്റെ പി. വെങ്കിടേഷാണ്. പന്തിനു മേലുള്ള അപാരമായ നിയന്ത്രണവും വേഗവുമാണ് വെങ്കിടേഷിനെ ജയറാമിന്റെ പ്രിയപ്പെട്ട കളിക്കാരനാക്കുന്നത്.
കോളേജ് വിദ്യാഭ്യാസത്തിനിടയിലാണ് ജയറാം നേവിയില്‍ ചേരുന്നത്. 1945കളില്‍ നേവിയിലെത്തി. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷത്തോളം ആദ്യം നേവിക്കും പിന്നീട് സര്‍വീസസ്സിനുമായി കളിച്ചു. 1951 മുതല്‍ 57 വരെ സര്‍വീസസ്സിനു വേണ്ടി ബൂട്ട് കെട്ടിയപ്പോഴാണ് ജയറാമിന്റെ കളി ഫുട്‌ബോള്‍ ലോകം ശ്രദ്ധിച്ചത്. ഡ്യുറാന്റ് കപ്പ്, ഡി.സി.എം., ഐ.എഫ്.എ. ഷീല്‍ഡ്, പാട്‌ന ഗോള്‍ഡ്കപ്പ്, റോവേഴ്‌സ് കപ്പ് തുടങ്ങി അക്കാലത്തെ എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും സര്‍വീസസ് ടീമിന്റെ ലെഫ്റ്റ് എക്‌സ്ട്രീമായി ജയറാം ഉണ്ടായിരുന്നു. 1954ലും 1957ലും സര്‍വീസസ് ബോംബെ ലീഗ് ചാമ്പ്യന്മാരുമായിരുന്നു.
ഇന്ത്യന്‍ ടീമില്‍ കളിച്ച ശേഷം ഒരിക്കല്‍ ജയറാം തന്റെ ജന്മനഗരത്തില്‍ കളിക്കാനെത്തിയിരുന്നു. 1954ല്‍ മാനാഞ്ചിറ ഗ്രൗണ്ടില്‍ നടന്ന നാഗ്ജി ഫുട്‌ബോളിലാണ് അദ്ദേഹം കളിച്ചത്. ബോംബെ ലീഗിലെ കളിക്കാരനായതിനാല്‍ കേരളത്തിലെ ക്ലബ്ബുകള്‍ക്ക് കളിക്കാന്‍ കഴിയാത്തതിനാല്‍ ബോംബെ ഡൈനാമോസിനാണ് ജയറാം കളിച്ചത്. ബോളിവുഡ് താരം പ്രാണിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ഡൈനാമോസ്. മാനാഞ്ചിറയില്‍ ബാംഗ്ലൂര്‍ ടീമിനെതിരായ കളിയില്‍ റഫറി ഡൈനാമോസിനെതിരെ ഏകപക്ഷീയ നിലപാടെടുത്തതിനാല്‍ കാണികള്‍ കയ്യേറ്റം ചെയ്തതും ജയറാമിന്റെ ഓര്‍മയിലുണ്ട്. എന്തായാലും നാട്ടുകാരുടെ മുന്നില്‍ തകര്‍ത്തു കളിച്ച ജയറാം, ഡൈനാമോസിനെ ഫൈനലിലെത്തിച്ചു. അപ്പോഴേക്കും നേവിയിലെ ലീവ് കഴിഞ്ഞതിനാല്‍ തിരികെപ്പോയതുകൊണ്ട് ഫൈനല്‍ കളിക്കാനായില്ല. ജയറാമില്ലാതെ കളിച്ച ഡൈനാമോസ് ഫൈനലില്‍ തോറ്റു. അതിനു മുമ്പോ ശേഷമോ കോഴിക്കോട്ട് പ്രധാന ടൂര്‍ണമെന്റില്‍ ജയറാം കളിച്ചിട്ടില്ല. രണ്ടുതവണ സര്‍വീസസിനുവേണ്ടി സന്തോഷ് ട്രോഫിയിലും ജയറാം കളിച്ചിട്ടുണ്ട്.
1929ലാണ് ജയറാമിന്റെ ജനനം. പിതാവ് മല്ലര്കണ്ടി ശങ്കരന്‍. ഏഴ് മക്കളില്‍ ജയറാമിനും മൂത്തസഹോദരനും മാത്രമായിരുന്നു ഫുട്‌ബോളില്‍ കമ്പം. നേവിയില്‍ കമാന്‍ഡറായിരുന്ന സഹോദരന്‍ ശങ്കുവാണ് ജയറാമിന്റെ ഫുട്‌ബോള്‍ താത്പര്യത്തെ വളര്‍ത്തിയത്. സെന്റ് ജോസഫ് സ്‌കൂളിലും മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും പഠിക്കുമ്പോള്‍ ഫുട്‌ബോള്‍ ടീമിലുണ്ടായിരുന്നു. നേവിയിലേക്ക് മാറിയതോടെ ഫുട്‌ബോള്‍ കമ്പവും വളര്‍ന്നു. നാട്ടില്‍ യങ് ചലഞ്ചേഴ്‌സിനു വേണ്ടിയും ജയറാം കളിച്ചിട്ടുണ്ട്.
1958ലാണ് ജയറാം ബൂട്ടഴിക്കുന്നത്. കളത്തിനു പുറത്തെ കളികളും അതിന് പ്രേരണയായി. പിന്നീട് ഔദ്യോഗിക ജീവിതത്തില്‍ ശ്രദ്ധിച്ചു. നേവിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം ബര്‍മ ഷെല്ലില്‍ ചേര്‍ന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാണ്. സഹോദരങ്ങളില്‍ ജ്യേഷ്ഠന്‍ ശ്രീധരന്‍ കോഴിക്കോട്ടും ദേവി കൊച്ചിയിലുമാണുള്ളത്.
അനീഷ് പി. നായര്‍
Source: Mathrubhumi
From the archive. First published on footballkerala.com on Saturday 27 June 2009, restored from the site's 2012 database. Text as originally published.